കാസർകോടിന്റെ മണ്ണിൽ പുത്തൻ ഫാഷൻ ട്രെൻഡുകൾക്ക് വേരോട്ടമുണ്ടാക്കിയ സംരംഭം. ക്ലാസിക് കർവ്സ്. 2021ൽ തനൂജ, നസീബ എന്നീ രണ്ടു വീട്ടമ്മമാർ ചേർന്ന് തുടക്കമിട്ട സംരംഭം. കോവിഡ് കാലത്ത് ലോകമാകെ നിശ്ചലമായപ്പോൾ രണ്ടു സ്ത്രീകളുടെ ആത്മവിശ്വാസത്തിലും, ദൃഢനിശ്ചയത്തിലും പിച്ച വെച്ചു തുടങ്ങിയ ക്ലാസിക്ക് കർവ്സ്. വെറും 200 സ്ക്വയർഫീറ്റിൽ, ഒറ്റ ഷട്ടറിൽ തുടങ്ങി ഇന്ന് 5000 സ്ക്വയർഫീറ്റിൽ മൂന്നു ഫ്ലോറുകളിലായി ക്ലാസിക്ക് കർവ്സ് വളർന്നു കഴിഞ്ഞു. പാർട്ടിവെയർ, സെമി പാർട്ടിവെയർ, പാക്കിസ്ഥാനി സിൽക്സ് എന്നിങ്ങനെ നീളുന്നു ഇവിടുത്തെ ക്ലാസ് വസ്ത്രങ്ങളുടെ പട്ടിക.
കാസർകൊട്ടെ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ചു വളർന്ന തനൂജ സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന് ചിന്തിച്ചപ്പോൾ ബോട്ടീക്ക് എന്ന ആശയം തന്നെയാണ് മനസ്സിൽ ആദ്യം ക്ലിക്കായത്. ആഗ്രഹത്തിനൊത്ത വസ്ത്രങ്ങളുടെ ലഭ്യതക്കുറവ്, കാസർകോട്ട് ഈ രംഗത്ത് കാര്യമായ കോംപറ്റീറ്റേഴ്സ് ഇല്ല എന്ന തിരിച്ചറിവ് എന്നിവയാണ് ക്ലാസിക്ക് കർവ്സിന്റെ പിറവിയിലേക്ക് നയിച്ചത്. ഭർത്താവ് അബ്ദുൽ നസീർ കുന്നിലിന്റെ ശക്തമായ പിന്തുണയും കരുത്തായി. കാസർകോട് മേൽപ്പറമ്പ് ആസ്ഥാനമാക്കി, 200 സ്ക്വയർഫീറ്റ് വിസ്തൃതിയിൽ ഒരു ബോട്ടീക്ക് തുടങ്ങുമ്പോൾ ഒറ്റയ്ക്കായിരുന്നില്ല തനൂജ. സ്വന്തം ആശയം അതേപടിയുൾക്കൊള്ളുന്ന നസീബയെന്ന കസിനേയും ഒപ്പം കൂട്ടി. ദുബൈയിൽ ജോലി ചെയ്യുകയായിരുന്ന നസീബയുടെ ഭർത്താവ് ഹനീഫും പിന്തുണയുമായി ഒപ്പം നിന്നു. ഇന്ത്യയിലുടനീളം സഞ്ചരിച്ചാണ് വ്യത്യസ്തമായ കളക്ഷനുകൾ ക്ലാസിക് കർവ്സ് തെരഞ്ഞെടുക്കുന്നത്. ബിസിനസ് കാര്യങ്ങളിലെല്ലാം ഇരുവരുടേയും കുടുംബത്തിന്റെ മികച്ച പങ്കാളിത്തമുണ്ട്. ട്രെൻഡിങ്ങായ, മികച്ച കളക്ഷനുകളാണ് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ ക്ലാസിക് കർവ്സിനെ ഇത്രമാത്രം ജനപ്രിയമാക്കിയത്.
സെലിബ്രിറ്റി സാന്നിധ്യമോ, മറ്റു പ്രൊമോഷനുകളോ ഒന്നുമില്ലാതെ തുടങ്ങിയ ഇൻസ്റ്റഗ്രാം പേജ് മൂന്നര ലക്ഷത്തോളം ഫോളോവേഴ്സുമായി കാസർകോട് ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന ബിസിനസ് പേജായി മാറിക്കഴിഞ്ഞു. പ്രീമിയം കസ്റ്റമേഴ്സിനും, സാധാരണ കസ്റ്റമേഴ്സിന് ബഡ്ജറ്റ് ഫ്രണ്ട്ലിയായ രീതിയിലും പർച്ചേയ്സ് ചെയ്യാനുള്ള പ്രത്യേകം സെഗ്മെന്റുകൾ ക്ലാസിക്ക് കർവ്സിലുണ്ട്. ഷോപ്പിന്റെ മൂന്നാമത്തെ ഫ്ലോറിൽ ഓൺ ഡിസൈനുകൾക്കായി ഒരു പ്രത്യേക സെഗ്മെന്റും ചേർത്തിട്ടുണ്ട് ക്ലാസിക്ക് കർവ്സ്. നിലവിൽ ഏറ്റവും കൂടുതൽ ഓൺലൈൻ- ഓഫ് ലൈൻ കസ്റ്റമേഴ്സുള്ളത് ക്ലാസിക് കർവ്സിന്റെ ഓൺ, കസ്റ്റമൈസ്ഡ് ഡിസൈനുകൾക്കാണ്. ബ്രൈഡൽ സെഗ്മെന്റിനു വേണ്ടി സിസി മെഹർ (ക്ലാസിക്ക് കർവ്സ് മെഹർ) എന്ന ബ്രാൻഡ് നെയിമിൽ തുടക്കമിട്ട സെഗ്മെന്റും ചുരുങ്ങിയ കാലയളവിൽ വലിയ സ്വീകാര്യത നേടി. നിലവിൽ ഡിസൈനേഴ്സ്, ടൈലേഴ്സ്, ഓൺലൈൻ- ഓഫ് ലൈൻ സ്റ്റാഫുകളടക്കം 30 ഓളം പേരടങ്ങുന്ന ശക്തമായ ടീമിന്റെ കരുത്തിൽ, കാസർകോട്ടെ ഏറ്റവും വലിയ ബോട്ടീക്കാണ് ഇന്ന് ക്ലാസിക്ക് കർവ്സ്.