ഒരു പൈലറ്റാകുക എന്നത് വലിയ സ്വപ്നമായി കാണുന്നവരുണ്ട്. എന്നാൽ അമിത പഠനച്ചെലവ് മൂലം മാത്രം ഈ ആഗ്രഹം വേണ്ടെന്നു വെക്കുന്നവരും കുറവല്ല. അങ്ങനെയുള്ളവർക്ക് ഇങ്ങ് പത്മനാഭന്റെ മണ്ണിൽ ഒരു പരിഹാരമുണ്ട്. കുറഞ്ഞ ചെലവിൽ പൈലറ്റ് ട്രെയിനിങ് നൽകുന്ന ഒരു സംരംഭം. തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആകാൻഷ് ഫ്ലൈറ്റ് സ്കൂൾ. പൈലറ്റ് ട്രെയിനിങ് പാഷനാക്കിയ ആകാൻഷ് തുടക്കമിട്ട സംരംഭം, വെറും ഏഴു മാസങ്ങൾ കൊണ്ട് നേടിയെടുത്ത സ്വീകാര്യതയും, വിജയവും വിസ്മയകരമാണ്.
തിരുവനന്തപുരം രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിലായിരുന്നു ആകാൻഷ് പൈലറ്റ് ട്രെയിനിങ് പൂർത്തിയാക്കിയത്. പഠനശേഷം ഫുൾ ടൈം പൈലറ്റ് ട്രെയിനിങ്ങിലേക്ക് ചുവടു വെയ്ക്കാൻ തീരുമാനമെടുത്തു. തുടക്കത്തിൽ ഏവിയേഷൻ, പൈലറ്റ് ട്രെയിനിങ് എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമിട്ടുള്ള വെബിനാറുകൾ സംഘടിപ്പിക്കുകയാണ് ചെയ്തത്. പൈലറ്റ് ട്രെയിനിങ്ങിലെ വ്യാജ പ്രവണതകളെ കുറിച്ചുള്ള തിരിച്ചറിവ് പൈലറ്റ് ട്രെയിനിങ്ങിനായി സ്വന്തമായൊരു സ്ഥാപനംതുടങ്ങാൻ ആകാൻഷിനെ പ്രേരിപ്പിച്ചു. പൈലറ്റ് ട്രെയിനിങ്ങിൽ 10 വർഷത്തോളമുള്ള അനുഭവ സമ്പത്തും കരുത്തായി. തുടക്കത്തിൽ, സ്വന്തം വീട്ടിൽ തന്നെ ട്രെയിനിങ് ആരംഭിച്ചു. പക്ഷേ, പ്രതീക്ഷിച്ചതിലുമധികം എണ്ണം വിദ്യാർത്ഥികളെത്തിയപ്പോൾ, ഒരു ഓഫീസ് സ്പെയ്സിലേക്ക് മാറേണ്ട സാഹചര്യമുണ്ടെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് ആകാൻഷ് ഫ്ലൈറ്റ് സ്കൂളിന് തുടക്കമിടുന്നത്. വെറും 8 വിദ്യാർത്ഥികളിൽ തുടങ്ങി, ഇന്ന് 36 വിദ്യാർത്ഥികളിലേക്ക് ആകാൻഷ് ഫ്ലൈറ്റ് സ്കൂൾ വളർന്നു കഴിഞ്ഞു. ഒറ്റയാൾ പട്ടാളമായിട്ടായിരുന്നു തുടക്കം. സ്ഥാപനത്തിന്റെ പേപ്പർ വർക്കടക്കം ഒറ്റയ്ക്കു കൈകാര്യം ചെയ്തു. നിലവിൽ ഓഫീസ് വർക്കും മറ്റുമായി 10ഓളം ജീവനക്കാർ ആകാൻഷ് ഫ്ലൈറ്റ് സ്കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്തുന്നു.
മെഡിക്കൽ ടെസ്റ്റ്, ഗ്രൗണ്ട് ട്രെയിനിങ്, ഫ്ലൈറ്റ് ട്രെയിനിങ് എന്നിങ്ങനെ 3 ഘട്ടങ്ങളായാണ് ട്രെയിനിങ്. ഫിസിക്കലി ഫിറ്റ് ആയ ഒരു വ്യക്തിയ്ക്ക് മാത്രമേ ആദ്യ ഘട്ടമായ മെഡിക്കൽ പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ. അടുത്ത ഘട്ടമായ ഗ്രൗണ്ട് ട്രെയിനിങ്ങിൽ 14 വിഷയങ്ങളും, കേന്ദ്ര ഗവൺമെന്റിന്റെ കീഴിൽ വരുന്ന 6 പരീക്ഷകളുമുണ്ട്. ഇതിനായുള്ള കോച്ചിങ്ങാണ് രണ്ടാം ഘട്ടത്തിൽ. 200 മണിക്കൂർ ഫ്ലൈറ്റ് ട്രെയിനിങ്ങാണ് മൂന്നാം ഘട്ടം. ഫ്ലൈയിങ്ങ് ട്രെയിനിങ് നൽകുന്ന 36 ഫ്ലൈയിങ് ക്ലബ്ബുകൾ നിലവിൽ ഇന്ത്യയിലുണ്ട്. ഓരോ വിദ്യാർത്ഥിയ്ക്കും അനുയോജ്യമായ ഫ്ലൈയിങ് ക്ലബ്ബ് തെരഞ്ഞെടുക്കാനുള്ള അസിസ്റ്റൻസ്, ഫ്ലൈറ്റ് ട്രെയിനിങ്ങ് പൂർത്തിയാക്കി, പൈലറ്റ് ലൈസൻസ് നേടുന്ന വിദ്യാർത്ഥിയ്ക്കുള്ള ഇന്റർവ്യൂ അസിസ്റ്റൻസ് എന്നിവയെല്ലാം ആകാൻഷ് നൽകുന്നു. ചുരുക്കത്തിൽ, വൈമാനിക രംഗത്തേക്ക് കടന്നു വരുന്നവർക്ക് തുടക്കം മുതൽ ജോലി ലഭിക്കുന്നതു വരെയുള്ള പൂർണ്ണമായ പിന്തുണ ആകാൻഷ് ഉറപ്പാക്കുന്നു. കേരളത്തിലുടനീളം ആകാൻഷ് ഫ്ലൈറ്റ് സ്കൂളിന്റെ കൂടുതൽ ബ്രാഞ്ചുകൾ തുറക്കാനും, ഫ്ലൈയിങ് ട്രെയിനിങ്ങിനുള്ള എയർക്രാഫ്റ്റടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാനുമാണ് ലക്ഷ്യമിടുന്നത്.