ഇന്ത്യയിൽ 26.6 ലക്ഷം കോടി രൂപയുടെ പുതിയ സ്വകാര്യ നിക്ഷേപ പദ്ധതികൾ; 58.5 ശതമാനം വളർച്ച
2026–27 സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തിൽ സ്വകാര്യ നിക്ഷേപ പദ്ധതികളുടെ പ്രഖ്യാപനത്തിൽ വൻ വർധന. നിർമാണം, വൈദ്യുതി, സാങ്കേതികവിദ്യ മേഖലകളിൽ മികച്ച നിക്ഷേപ സാധ്യതകൾ.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് കരുത്തേകി സ്വകാര്യ മേഖലയിൽ പുതിയ നിക്ഷേപ പദ്ധതികളുടെ പ്രഖ്യാപനത്തിൽ വൻ വർധന. 2026–27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 26.6 ലക്ഷം കോടി രൂപയുടെ പുതിയ സ്വകാര്യ നിക്ഷേപ…
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് കരുത്തേകി സ്വകാര്യ മേഖലയിൽ പുതിയ നിക്ഷേപ പദ്ധതികളുടെ പ്രഖ്യാപനത്തിൽ വൻ വർധന. 2026–27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 26.6 ലക്ഷം കോടി രൂപയുടെ പുതിയ സ്വകാര്യ നിക്ഷേപ പദ്ധതികളാണ് പ്രഖ്യാപിച്ചത്.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (CII) പ്രൈവറ്റ് ഇൻവെസ്റ്റ്മെന്റ് ബാരോമീറ്റർ റിപ്പോർട്ട് പ്രകാരം മുൻവർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 58.5 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഉൽപ്പാദന മേഖല, വൈദ്യുതി, അടിസ്ഥാനസൗകര്യ വികസനം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളാണ് പുതിയ നിക്ഷേപ പദ്ധതികളിൽ പ്രധാന പങ്കുവഹിക്കുന്നത്.
ഡാറ്റാ സെന്ററുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അനുബന്ധ അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന വിവരസാങ്കേതികവിദ്യാ മേഖലയിൽ മാത്രം ഏകദേശം 9.5 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ സ്വകാര്യ മേഖലയിൽ പൂർത്തീകരിച്ച പദ്ധതികളുടെ മൂല്യം 1.8 ലക്ഷം കോടി രൂപയിലെത്തി.
മെച്ചപ്പെടുന്ന അടിസ്ഥാനസൗകര്യങ്ങൾ, സാമ്പത്തിക പരിഷ്കാരങ്ങൾ, വ്യവസായ സൗഹൃദ അന്തരീക്ഷം എന്നിവ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഘടകങ്ങളാണെന്ന് സിഐഐ വിലയിരുത്തുന്നു.
പ്രഖ്യാപിച്ച പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ പുതിയ തൊഴിലവസരങ്ങൾ, വ്യവസായ വികസനം, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ ബിസിനസ് അവസരങ്ങൾ എന്നിവ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.