വിലക്കയറ്റം തിരിച്ചടിയായി; ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിൽപ്പനയിൽ 22 ശതമാനം ഇടിവ്
സ്മാർട്ട്ഫോണുകളുടെ വില വർധനയും ഉപഭോക്തൃ ആവശ്യകതയിലെ കുറവും തിരിച്ചടിയായി. ഉത്സവകാല വിൽപ്പനയിൽ വലിയ ഇടിവ് രേഖപ്പെടുത്തി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി.
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിക്ക് തിരിച്ചടിയായി വിലക്കയറ്റം. 2026ലെ ഉത്സവകാലത്ത് രാജ്യത്തെ സ്മാർട്ട്ഫോൺ വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 22 ശതമാനം ഇടിവുണ്ടായതായി വിപണി ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റ് റിസർച്ചിന്റെ…
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിക്ക് തിരിച്ചടിയായി വിലക്കയറ്റം. 2026ലെ ഉത്സവകാലത്ത് രാജ്യത്തെ സ്മാർട്ട്ഫോൺ വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 22 ശതമാനം ഇടിവുണ്ടായതായി വിപണി ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റ് റിസർച്ചിന്റെ പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഒക്ടോബർ 8 മുതൽ നവംബർ 10 വരെയുള്ള കാലയളവിലെ വിൽപ്പനയാണ് റിപ്പോർട്ടിൽ വിലയിരുത്തിയത്. സാധാരണയായി മികച്ച വിൽപ്പന ലഭിക്കുന്ന ഉത്സവകാലത്താണ് ഇത്തവണ വിപണി തിരിച്ചടി നേരിട്ടത്.
മെമ്മറി ചിപ്പുകൾ ഉൾപ്പെടെയുള്ള ഘടകങ്ങളുടെ വില വർധനയും സ്മാർട്ട്ഫോണുകളുടെ ഉയർന്ന വിലയും ഉപഭോക്താക്കളുടെ വാങ്ങൽ തീരുമാനങ്ങളെ ബാധിച്ചു. ഉത്സവകാല ഓഫറുകളിലും ഡിസ്കൗണ്ടുകളിലുമുണ്ടായ കുറവും വിൽപ്പനയെ പ്രതികൂലമായി സ്വാധീനിച്ചു.
പല ഉപഭോക്താക്കളും പുതിയ ഫോൺ വാങ്ങുന്നത് മാറ്റിവെച്ച് നിലവിലുള്ള ഉപകരണങ്ങൾ കൂടുതൽ കാലം ഉപയോഗിക്കാൻ തീരുമാനിച്ചതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വിൽപ്പന നടത്തിയ ഫോണുകളുടെ എണ്ണത്തിൽ ഇടിവുണ്ടായെങ്കിലും ശരാശരി വിൽപ്പന വിലയിൽ 28 ശതമാനം വർധന രേഖപ്പെടുത്തി. ഇതിന്റെ ഫലമായി മൊത്തം വിപണി മൂല്യത്തിൽ കാര്യമായ ഇടിവുണ്ടായില്ല.
വിലയോട് കൂടുതൽ സംവേദനക്ഷമത പുലർത്തുന്ന ഇന്ത്യൻ ഉപഭോക്താക്കളെ ആകർഷിക്കാൻ മികച്ച വിലനിർണയം, ആകർഷകമായ ഓഫറുകൾ, ഫിനാൻസിങ് സൗകര്യങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യമാണ് സ്മാർട്ട്ഫോൺ കമ്പനികൾക്കുള്ളത്.