ടെലികോം സ്റ്റാർട്ടപ്പുകൾക്കും MSMEകൾക്കും കൂടുതൽ പിന്തുണയുമായി കേന്ദ്ര സർക്കാർ
തദ്ദേശീയ സാങ്കേതികവിദ്യകളുടെ വികസനവും വിപണനവും ലക്ഷ്യമിട്ട് പ്രത്യേക ഉപദേശക സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
രാജ്യത്തെ ടെലികോം മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളുടെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും വളർച്ചയ്ക്ക് കൂടുതൽ പിന്തുണയൊരുക്കാൻ കേന്ദ്ര സർക്കാർ. ടെലികോം സംരംഭകർ നേരിടുന്ന വെല്ലുവിളികൾ…
രാജ്യത്തെ ടെലികോം മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളുടെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും വളർച്ചയ്ക്ക് കൂടുതൽ പിന്തുണയൊരുക്കാൻ കേന്ദ്ര സർക്കാർ. ടെലികോം സംരംഭകർ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനായി പ്രത്യേക ഉപദേശക സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.
നവംബർ 24ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് സംഘടിപ്പിച്ച ടെലികോം സ്റ്റാർട്ടപ്പ്സ് ആൻഡ് MSME കോൺക്ലേവ് 2026ലാണ് പ്രഖ്യാപനം.
ടെലികോം ഉപകരണ നിർമാണം, നെറ്റ്‌വർക്ക് സാങ്കേതികവിദ്യ, ആപ്ലിക്കേഷനുകൾ, ചിപ്പ് വികസനം, സൈബർ സുരക്ഷ, സാങ്കേതിക മാനദണ്ഡങ്ങൾ തുടങ്ങിയ മേഖലകളിൽ തദ്ദേശീയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
ഗവേഷണത്തിനും പുതിയ സാങ്കേതികവിദ്യകളുടെ വികസനത്തിനും സാമ്പത്തിക പിന്തുണ നൽകുന്നതിനായി ടെലികോം ടെക്‌നോളജി ഡെവലപ്‌മെന്റ് ഫണ്ട് (TTDF), ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ഇന്നൊവേഷൻ സ്ക്വയർ (DCIS) തുടങ്ങിയ പദ്ധതികളും നിലവിലുണ്ട്.
സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, വ്യവസായ പ്രമുഖർ, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ പ്രതിനിധികൾ എന്നിവർ കോൺക്ലേവിൽ പങ്കെടുത്തു. തദ്ദേശീയമായി വികസിപ്പിച്ച ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്നതിനായി 11 പ്രദർശന സ്റ്റാളുകളും ഒരുക്കിയിരുന്നു.
ഇന്ത്യൻ ടെലികോം സംരംഭങ്ങൾക്ക് ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിലേക്ക് വളരുന്നതിനും തദ്ദേശീയ സാങ്കേതികവിദ്യകളുടെ വാണിജ്യവൽക്കരണം ശക്തിപ്പെടുത്തുന്നതിനും ഇത്തരം ഇടപെടലുകൾ സഹായകമാകുമെന്നാണ് പ്രതീക്ഷ.