കേരളത്തിലേക്ക് കൂടുതൽ നിക്ഷേപമെത്തിക്കാൻ പുതിയ ബോർഡ് രൂപീകരിച്ച് സർക്കാർ
മുഖ്യമന്ത്രി വി.ഡി. സതീശൻ അധ്യക്ഷനായ കേരള സ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ബോർഡ് രൂപീകരിച്ച് സർക്കാർ വിജ്ഞാപനമിറക്കി.
കേരളത്തിന്റെ വ്യവസായ, നിക്ഷേപ മേഖലകൾക്ക് കൂടുതൽ കരുത്തേകുന്നതിനായി കേരള സ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ബോർഡ് രൂപീകരിച്ച് സംസ്ഥാന സർക്കാർ. നിക്ഷേപ പദ്ധതികൾക്ക് ആവശ്യമായ അനുമതികൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ…
കേരളത്തിന്റെ വ്യവസായ, നിക്ഷേപ മേഖലകൾക്ക് കൂടുതൽ കരുത്തേകുന്നതിനായി കേരള സ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ബോർഡ് രൂപീകരിച്ച് സംസ്ഥാന സർക്കാർ. നിക്ഷേപ പദ്ധതികൾക്ക് ആവശ്യമായ അനുമതികൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ലളിതമാക്കുകയും സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണിത്.
നവംബർ 23ന് വ്യവസായ വകുപ്പ് പുറത്തിറക്കിയ G.O.(P) No.45/2026/ID നമ്പർ വിജ്ഞാപനത്തിലൂടെയാണ് ബോർഡ് രൂപീകരിച്ചത്.
മുഖ്യമന്ത്രി അധ്യക്ഷനായ ബോർഡിൽ വ്യവസായ മന്ത്രി കോ-ചെയർപേഴ്‌സണും ധനകാര്യം, റവന്യൂ, തൊഴിൽ, തദ്ദേശ സ്വയംഭരണം, വൈദ്യുതി എന്നീ വകുപ്പുകളിലെ മന്ത്രിമാർ വൈസ് ചെയർപേഴ്‌സൺമാരുമാണ്. ചീഫ് സെക്രട്ടറി മെമ്പർ സെക്രട്ടറിയായും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറായും പ്രവർത്തിക്കും.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (FICCI), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (KSIDC) എന്നിവയുടെ ബന്ധപ്പെട്ട പ്രതിനിധികളും ബോർഡിൽ അംഗങ്ങളാണ്.
നിക്ഷേപ പദ്ധതികളുടെ അനുമതി നടപടികൾ വേഗത്തിലാക്കുന്നതിനായി സർക്കാർ നേരത്തേ പ്രഖ്യാപിച്ച സരൾ കേരളം പദ്ധതിയുടെ പശ്ചാത്തലത്തിലാണ് പുതിയ ബോർഡിന്റെ രൂപീകരണം.
സരൾ കേരളം സംവിധാനത്തിൽ 25 കോടി രൂപയ്ക്ക് മുകളിലും 50 കോടി രൂപ വരെയുമുള്ള അർഹമായ നിക്ഷേപ പദ്ധതികൾ ജില്ലാതലത്തിലും 50 കോടി രൂപയ്ക്ക് മുകളിലുള്ള പദ്ധതികൾ സംസ്ഥാനതലത്തിലും പരിഗണിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതോടൊപ്പം ചീഫ് സെക്രട്ടറി അധ്യക്ഷനായ കേരള സ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ മോണിറ്ററിങ് കമ്മിറ്റിയും സർക്കാർ രൂപീകരിച്ചിട്ടുണ്ട്.
വ്യവസായ അനുമതികളിലെ കാലതാമസം കുറയ്ക്കാനും വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താനും കൂടുതൽ നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കാനും പുതിയ സംവിധാനം സഹായകമാകുമെന്നാണ് പ്രതീക്ഷ.